Sunday 18 September 2016

സത്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്നോ എവിടെയാണ് തുടങ്ങേണ്ടതെന്നോ ഒട്ടുതന്നെ അറിയാത്ത ഒരുഘട്ടമാണിത്. ജീവിതം അത്രമേല്‍ നിരാശാഭരിതമായിരിക്കുന്നു എന്ന് പറയാവുന്ന തികച്ചും വരണ്ട ദിനങ്ങള്‍. പഠനത്തിലേയ്ക്ക് തിരിക്കാമെന്നുവെച്ചാല്‍, മുന്നില്‍ എത്രയും പെട്ടെന്ന് വായിച്ചുതീര്‍ക്കാന്‍ തന്നെ ധാരാളം പുസ്തകങ്ങള്‍... മായാ ആഞ്ചെലോ, മള്‍ടിറ്റിയൂഡ്, സുനില്‍ പി ഇളയിടം, ബി. രാജീവന്‍, നെഗ്രി, ദലേസ്, ഷാര്‍മിള റെഗെ, അംബേദ്ക്കര്‍, അഗമ്പന്‍, ഫൂക്കോ, അങ്ങനെ അങ്ങനെ നിരവധിപേര്‍, ഗ്രന്ഥങ്ങള്‍ എന്റെ അടുത്ത് ഇങ്ങനെ നിറഞ്ഞു ചിരിച്ചു നില്‍ക്കുന്നു. സത്യത്തില്‍ അവരെല്ലാം കൂടി എന്നെ പേടിപ്പെടുത്തുന്നു എന്നതാണ് സത്യം. അതിനിടയില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുമുണ്ട്. പബ്ലിക്കേഷന്‍സ് ആരംഭിക്കണം. അതിന് നല്ല ചില ടൈറ്റിലുകള്‍. സത്യത്തില്‍ ഇതെല്ലാം കൂടി എപ്പോള്‍ തീര്‍ക്കുമെന്ന പ്രശ്‌നം വേറെ. അതിനിടയിലാണ് ഈ നൈരാശ്യവും ഡിപ്രഷനും. കണ്ണടച്ച് കമഴ്ന്നുകിടന്ന് നിലവിളിക്കാറുണ്ട് രാത്രികളില്‍. ഒരു തരി പ്രകാശം എവിടെ നിന്നാണ് ഉള്ളിലേയ്ക്ക് വരുന്നതെന്ന് കണ്ണുമിഴിച്ച് കിടക്കാറുണ്ട്. ഭ്രാന്തമായ അവിയല്‍രൂപത്തിലുള്ള നിറങ്ങള്‍കൊണ്ട് നിറയാറുണ്ട് ചിലപ്പോള്‍ തലച്ചോറ് നിറയെ. ആര്‍ക്കും സഹായിക്കാനാവാത്ത ചില കെട്ടുകള്‍, കെട്ടിവരിഞ്ഞ് ശ്വാസം മുട്ടിക്കുന്ന മ്ലാനത... ഏതു ചില്ലയില്‍ കിട്ടും ഒരിറ്റു പ്രതീക്ഷ? ഒരിറ്റു ശ്വാസം?

ശലഭ ചിന്തകള്‍

പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും ഉണര്‍വിന്റെയും അഭാവങ്ങളില്‍ വറ്റിവരണ്ട ഊഷരഭൂമികയില്‍ നിന്നാണ് ശലഭചിറകുകള്‍ എഴുതിത്തുടങ്ങുന്നത്. മഴവില്ലിന്റെ വര്‍ണലോകങ്ങളെ അപ്പാടും ഉള്ളടക്കം ചെയ്യാറുണ്ടെങ്കിലും കൊഴിഞ്ഞുപോകുന്ന നാളുകളിലേയ്ക്കുള്ള എണ്ണപ്പെടലുകളാണ് ശലഭച്ചിറകുകളുടെ മന്ത്രണങ്ങള്‍ എന്ന് തോന്നിയ സന്ദര്‍ഭത്തില്‍ നിന്നാണ് ഈ പേര് സ്വീകരിക്കുന്നത്. എവിടെ ഏത് കോണില്‍ ഒരു മഞ്ഞുകണമുണ്ടെന്നുള്ള അന്തരാത്മാവിന്റെ അന്വേഷണം ഒരു പക്ഷെ ഈ ഊഷരഭൂമികയിലും എവിടെയൊക്കെയോ തളം കെട്ടി നില്‍ക്കുന്നുണ്ടാകാം. നൂലുപോലെ മെല്ലിച്ച ഓര്‍മകളെ ചികഞ്ഞെടുത്തും പാറി നടന്ന മോഹദൂരങ്ങളെ* ഓര്‍ത്തെടുത്തും ശലഭച്ചിറകുകള്‍ സംസാരിക്കാറുണ്ടെങ്കിലും അതിന്റെ ശബ്ദങ്ങളെല്ലാം മൗനമാവുന്നതെന്തേ എന്ന് ആശങ്കപ്പെടുകയോ, ഒരു വേളെ ധ്യാനപ്പെടുകയോ ചെയ്യുന്നു. അതുകൊണ്ട്, അതുകൊണ്ട് മാത്രം ഇങ്ങനെയൊരു ബ്ലോഗ്... ഇപ്പോഴും വിട്ടുമാറാത്ത കാഴ്ച്ചകളുടെ ജ്വരപ്പനിപിടിച്ച നാളുകളാണല്ലോ ഇപ്പോഴുമിത്...

*ശലഭച്ചിറകുകള്‍, മോഹദൂരങ്ങള്‍: സങ്കല്‍പ്പങ്ങള്‍ക്ക് കടപ്പാട് ധന്യ എം.ഡിക്ക്‌